സുനാമി ചിന്തകള്‍

Monday, August 28, 2006

പേഴ്സനാലിറ്റി ഡെവലപ് മെന്റ് ക്ലാസ്സ്

പ്രിയതമനും ആയി ഈ.. "സ്വസ്ഥം ഗ്രിഹഭരണം" എന്ന പോളിസി മുറുകെ പിടിച്ച് വാണിരുന്ന കാലം. ഇതിനിടയിലെങ്ങോ സുമാത്രക്ക് ഒരു ബോധോദയം !! പിന്നെ ചെറിയ ഒരു സംശയവും!!!പേഴ്സനാലിറ്റി അല്പം കുറവാണോ... എന്ന്. പൊതുവെ പേഴ്സനാലിറ്റി ആവശ്യത്തില്‍ കൂടുതല്‍ ഉണ്ടെന്നു വിശ്വസിക്കുന്ന സുമാത്രക്ക് ഇതൊരു “ചില്ലറ” സംശയം ആയി കണക്കാക്കാന്‍ അല്പം ബുദ്ധിമുട്ട് തോന്നി എന്ന് കൂട്ടിക്കോളൂ.. പലതവണ പ്രശ്നം ബോര്‍ഡു മീറ്റിങ്ങില്‍ (ഭര്‍ത്താവുമായി സൂര്യനു താഴെ നടക്കുന്ന എന്തും ചര്‍ച്ച ചെയ്യുന്ന അവസരം.) അവതരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ സാ‍ധിച്ചില്ലാ.. അല്ലാ അതെങ്ങെനെ... ഈ സൂര്യനു താഴെ രസകരമായതും വിചിത്രമായതും ആയ എത്ര എത്ര സംഭവങ്ങ‍ളാണ് നടക്കുന്നത്. അതിനിടയില്‍ ഈ ഒരു പേഴ്സനാലിറ്റി പ്രശ്നം തീരെ അപ്രസക്തം. പാവം സുമാത്ര...

കുട്ടിക്കാലം തൊട്ടേ പല അദ്ധ്യാപകരില്‍ നിന്നും ആയി കേട്ടിട്ടുള്ളതോ.. ഇങ്ങിനെ, “ കുട്ടികളേ.. സംശയം ഒരിക്കലും ഊതി വീര്‍പ്പിക്കരുത്. എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടനടി ഡിസ്കഷന്‍ നടത്തി സംശയ നിവാരണം നടത്തണം.. അല്ലീങ്കിലത് മഹാ വിപത്തുണ്ടാക്കും ...” എന്നൊക്കെ... അന്ന് ഈ സംശയം എന്താ ബലൂണ്‍ ആണോ ഊതി വീര്‍പ്പിക്കാന്‍ എന്നൊക്കെ തോന്നിയിട്ടുണ്ടീങ്കിലും ഈ മുകളില്‍ പറഞ്ഞ സംശയം (പേഴ്സനാലിറ്റിയേ... ) വന്നപ്പോള്‍ സുമാത്രക്കുറപ്പായി, അതെ! ഇതൊരു ബലൂണ്‍ തന്നെ.! കാരണം ദിവസം പ്രതി സുമാത്രയുടെ സംശയം കൂടിക്കൂടി വന്നു. പിന്നെ ചില ബാഹ്യശക്തികളുടെ(ചില ടി.വി. പരിപാടികള്‍, ചില പുസ്തകം വായിച്ച്.. ) “ഊതിവീര്‍പ്പിക്കല്‍” സഹായത്താല്‍ അതൊരു വലിയ ബലൂണ്‍ തന്നെ ആയി.

ഇനി അടുത്ത ഘട്ടം തന്നെ ശരണം എന്നു ഞാന്‍ തീരുമാനിച്ചു. അതായത് നേരത്തെ പറഞ്ഞ ഡിസ്കഷന്‍ നടത്തിയുള്ള നിവാരണം നടത്തല്‍. അതിനായി ഡിസ്കഷന്‍ നടത്താനയി ബോര്‍ഡ് മെംബറെ ഫ്രീ ആയി കിട്ടാനുള്ള അവസരം കാത്തിരിക്കുന്നതിനിടെ ചെറിയൊരു സംഭവം നടന്നു.

തിരക്കൊഴിഞ്ഞ ഒരു വെള്ളിയാഴ്ചയിലെ ഉച്ച സമയം. പേഴ്സനാലിറ്റി പ്രശ്നം അവതരിപ്പിക്കാന്‍ പറ്റിയ അവസരം എന്നെനിക്കു തോന്നി. അങ്ങിനെ മദ്ദ്യാന്നം കഴിഞ്ഞ് അല്പം വിശ്രമിക്കാന്‍ ഒരുങ്ങവെയാണ് “മെഹ് റ് ബാ... മെഹ് റ് ബാ...” എന്ന പാട്ട് കേട്ട് ഞാന്‍ അല്പം മടിയോടെയാണെങ്കിലും എണീറ്റത്. വലം ഭാഗത്തിന്റെ (ഹേ!!...യ്... ഭര്‍ത്താവിന്റേയ്..) മൊബയില്‍ ഫോണ്‍ ആയിരുന്നു ആ പാട്ട് പാടിയ വീരന്‍. “ഒകെ.. കമി...ങ്ങ്” എന്നും പറഞ്ഞ് ഞാന്‍ എണീറ്റ ഉടന്‍ പാട്ടു നിന്നു. “ശ്ശ് ടാ പാ‍ടെ.. വേണ്ടീങ്കില്‍ വേണ്ടാ ..” എന്നും പറഞ്ഞ് ഞാന്‍ തിരിച്ചു വന്നു കിടന്നു. ദേ.. വീണ്ടും “മെഹ് റ് ബാ... മെഹ് റ് ബാ...” . ഒന്നുമറിയാത്ത പോലെ ഞാന്‍ പ്രിയതമനെ ഒന്നു നോക്കി ചിരിച്ച് , “പ്ലീസ്.. ഒന്ന് ആ ഫോണ്‍...” എന്നു പറഞ്ഞു തീരും മുന്‍പേ “മെഹ് റ് ബാ” നിശ്ശബ്ദയായി. “ഹാ‍വൂ..” എന്ന മട്ടില്‍ ഞാനും തിരിഞ്ഞു കിടന്നു. മൂന്നാമതും പാട്ടു കേട്ടപ്പോള്‍ ഇനി ഈ വീരനെ നാലു “തെറി” പറഞ്ഞിട്ടു തന്നെ കാര്യം എന്നുറപ്പിച്ച് ഞാന്‍ വീണ്ടും എണീറ്റ് ഫോണ്‍ എടുത്തു. അല്ലീങ്കിലേ തലയില്‍ പേഴ്സനാലിറ്റി പ്രശ്നം ആണ്. അതിനിടയിലാ.. “മെഹ് റ് ബാ... മെഹ് റ് ബാ...”.“***!!@@### ****“

ഞാന്‍ ഫോണ്‍ മെനു നോക്കി മിസ്സ് കാള്‍ ലിസ്റ്റ് എടുത്തു. ലിസ്റ്റില്‍ ആദ്യം കണ്ടത് ഇങ്ങിനെ, “മിസ്സ് കാള്‍ മാമാ” ഹ!! അ ഹ!! , വെറുതെ ആണോ പാട്ട് “പുതുക്കപ്പെണേ മെഹ് റ് ബാ” എന്നു പോലും മുഴുമിപ്പിക്കാതെ നിശ്ശബ്ദമാകുന്നത്. കാരണം പേരില്‍ നിന്നു തന്നെ മനസ്സിലായിക്കാണുമല്ലോ.ഈ മാമന്‍ മിസ്സ് കാള്‍ മാത്രമേ തരാറുള്ളൂ. തിരിച്ചു വിളിച്ച് “തെറി” പറയാം എന്നോര്‍ത്ത് വന്ന എന്റെ മുഖം ഒരു മതിരി ഇഞ്ചി കടിച്ച കുരങ്ങിന്റേതു പോലെയായി. ( ഉള്ള പേഴ്സനാലിറ്റിയും പോയീ.. എന്നു പറഞ്ഞാല്‍ മതിയല്ലോ....) . കാര്യം അറിയിച്ച ഉടനെ ഭര്‍ത്താവില്‍ നിന്നും കിട്ടിയ മറുപടി ഇങ്ങിനെ, “നീ കാര്യം എന്താ എന്ന് തിരക്ക്... ?” . അതാ‍രാഞ്ഞില്ലെങ്കില്‍ അങ്ങോട്ടു കൊടുക്കാന്‍ വച്ചത് ( “തെറി” ) ഇങ്ങോട്ടു അഡ്വാന്‍സ് ആയി കിട്ടും എന്നുറപ്പായ ഞാന്‍ ഫോണ്‍ എടുത്ത് തിരിച്ചു വിളിച്ചു. കാര്യമന്വേഷിച്ച ഞാന്‍ മോങ്ങാനിരിക്കുന്നവന്റെ തലയില്‍ തേങ്ങാ വീണ പോലെയായി. മറു ഭാഗത്തുനിന്ന് കേട്ടതിങ്ങിനെ.. “ഞാന്‍ ഷാര്‍ജാ ടാക്സി സ്റ്റാന്‍ഡില്‍ നില്‍ക്കുന്നു. ഉടനെ വന്നു പിക്ക് ചെയ്യുക, ഇന്നത്തെ വാസം നിങ്ങളുടെ കൂടെ ..” . പെണ്ണു പറ്റീ പക്ഷേ പെങ്ങളായിപ്പോയീ എന്നു പറഞ്ഞ പോലെ കാര്യം നന്നായി പക്ഷേ കാരണവരായിപ്പോയില്ലേ.. അതുകൊണ്ട് തിരുവായക്ക് എതിര്‍വായാടാതെ.. ഞങ്ങള്‍ വണ്ടി നേരെ ഷാര്‍ജാ ടാക്സി സ്റ്റാന്‍ഡിലേക്ക് വിട്ടു.

കാറില്‍ ഇരുന്ന് പേഴ്സനാലിറ്റിയെപ്പറ്റി ഒരു ഇന്റ്രൊഡക്ഷ്ന്‍ കൊടുക്കാം എന്നോര്‍ത്ത് വായ തുറക്കുന്നതിനു മുമ്പ് വലം ഭാഗം ആരാഞ്ഞു ,“രാത്രി അത്താഴം.....?”“എനിക്കറിയില്ലാ.. പുറത്തു നിന്നാവാം..”. അങ്ങോട്ടു ചോദിക്കാന്‍ കഴിയാത്തതിലുള്ള ദേഷ്യം കലര്‍ത്തിയുള്ള മറുപടി ഞാനും കൊടുത്തു.“വേണ്ട.. മാവുണ്ടല്ലോ... ദോശ ഉണ്ടാക്കാം..”പ്രതിവിധി കേട്ട് കലികൊണ്ട് ഞാ‍ന്‍ തനിയെ പറഞ്ഞു.“ആശ മുഴുവന്‍ നാശകോശമായി കിടക്കുമ്പോളാണൊരു ദോശ.” കാശിനു കൊള്ളാത്ത ദോശ കണ്ടുപിടിച്ചവനെ നാലു പൂശു പൂശാന്‍ ആശയായി . “ഹും!! മോശമായി!!ഇങ്ങനെ ഭക്ഷണകാര്യവും മറ്റും പറഞ്ഞ് തീര്‍ന്നപ്പോളേക്കും വണ്ടി ഷാര്‍ജാ ടാക്സി സ്റ്റാന്‍ഡില്‍ എത്തി.

ഹാവൂ.. ഇതാ മുമ്പില്‍ തന്നെ നില്‍പ്പുണ്ട് നമ്മുടെ ആശാന്‍. എന്റെമ്മേ.. കയ്യില്‍ വലിയൊരു ബാഗുണ്ട്.കണ്ടാല്‍ ഒരു മാസത്തേക്കു തിരിച്ചൊരു യാത്രയില്ലെന്നു തോന്നും. ഇതൊരു ശീലമാണെന്നറിയാമായിരുന്നതുകൊണ്ട് ഞാന്‍ ഞെട്ടിയില്ല. അല്ലെങ്കില്‍ തേങ്ങാ വീണവന്റെ മേല്‍ ഇടിവെട്ടേറ്റ പോലെ ആയേനെ ഞാന്‍. കാരണവര്‍ തലയില്‍ മുടിയില്ലാത്തതിന്റെ വിഷമം ശരിക്കും അനുഭവിക്കുന്നുണ്ടെന്ന് ആ മുഖം വിളിച്ചറിയിക്കുന്നുണ്ട്. “ആണുങ്ങള്‍ക്ക് കഷണ്ടി വേണം .. അതോ കണ്ണാടി പോല്‍ മിന്നണം” എന്നൊക്കെ പറഞ്ഞ് സ്വയം സമാധാനിക്കാറുണ്ട്. ഏതായാലും നഷ്ടപ്പെട്ട ഉച്ചയുറക്കം ഇന്‍സ്റ്റാള്‍മെന്റായി തീര്‍ക്കാം എന്നോര്‍ത്ത് ഞാന്‍ പതുക്കെ കാറില്‍ ചാരികിടന്ന് പ്രിയതമനെ കാരണവരുടെ അടുത്തേക്ക് പറഞ്ഞയച്ചു. രണ്ടു മണിക്കൂര്‍ ഉച്ച ഉറക്കത്തിലെ പത്ത് മിനിട്ട് ഉറങ്ങി തീര്‍ത്തതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍. അപ്പോഴേക്കും തിരിച്ച് അവര്‍ കാറിനടുത്തെത്തി.

“ഹാ.. എന്തൊക്ക്ണ്ട് വിശേഷം? കുട്ടിക്കസുഖം വല്ലതും..?”
മുഖം വ്വീര്‍പ്പിച്ചിരിക്കുന്ന എന്നെ കണ്ട ഉടന്‍ കാരാണവര്‍ തിരക്കി.എന്തൊക്കെയോ തര്‍ക്കുത്തരങ്ങള്‍ എന്റെ നാവിന്റെ തുമ്പത്തെത്തി.പുറത്തേക്കു ചാ‍ടുന്നതിനുമുമ്പ് അവയെല്ലാം ഞാന്‍ ഒരുവിധം വിഴുങ്ങി , പകരം ഒരു ഭംഗിവാക്കിനെ പിടിച്ചു പുറത്തിട്ടു.
“ഓ.. കാറ്റു കൊണ്ടിട്ടാ..”
സാമാന്യം നല്ല പൊടിക്കാറ്റ് വീശിയിരുന്നത് എനിക്കൊരുത്തരം നല്‍കാന്‍ സഹായകമായി.ഞാന്‍ ഉറക്കത്തിന്റെ രണ്ടാം ഇന്‍സ്റ്റാള്‍മെന്റാരംഭിച്ചു.

കാ‍രണവരുടെ തലയില്‍ മുടിക്കു മാത്രമേ ദാരിദ്ര്യ, ഉണ്ടായിരുന്നുള്ളൂ. ആശയ ദാരിദ്ര്യ, തീരെ ഇല്ല. ഫിലോസഫി, സൈക്കോളജി, ജ്യോതിഷം എന്നിവയിലെല്ലാം പ്രാവീണ്യം ആവശ്യത്തില്‍ കൂടുതലുണ്ടെന്നറിയാമായിരുന്നതു കൊണ്ട് ഇതുമായി ബന്ധപ്പെട്ട് വരുന്ന ഒരു ടോപ്പിക്കും അറിയാതെപോലും നാക്കില്‍ നിന്ന് ചാടാതിരിക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ദിച്ചിരുന്നു. പ്രിയതമന്‍ കാരണവരുടെ ‘വാ കത്തി’ യുടെ മൂര്‍ച്ച അനുഭവിച്ച് , മധുരിച്ചിട്ട് തുപ്പാനും വയ്യ - കയ്ച്ചിട്ടിറക്കാനും വയ്യ എന്ന അവസ്ഥയില്‍ ഇരിക്കുന്നത് കണ്ട് എനിക്കു ചിരി വന്നു. എവിടെ കിടന്നാലും ഉറക്കം വരുന്ന എന്റെ സ്വഭാവം ഇപ്പൊ ഒരനുഗ്രഹമായി തോന്നിയെനിക്ക്.

പിന്നീട് ചായ, ദോശ, ചോറ്, കൂട്ടാന്‍ എന്നെല്ലാം പറഞ്ഞ് ആകെ ഒരു ബഹളം. സാധാരണ വെള്ളിയാഴ്ച് ഉച്ചക്കു ശേഷം വിശ്രമിച്ചിരുന്ന അടുക്കളയും ഊണ്‍ മേശയുമെല്ലാം രാത്രി പതിനൊന്ന് മണിവരെ തിരക്കനുഭവിച്ചു. കൂടെ ക്കൂടേ ഉള്ള ചായവെപ്പ് കാരണം പാത്രങ്ങളെല്ലാം കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാന്‍ തുടങ്ങി. അങ്ങിനെ അത്താഴം കഴിഞ്ഞപ്പോഴേക്കും കിച്ചന്റേയും ഡൈനിങ്ങ് സ് പേയ്സിന്റേയും പാത്രങ്ങളുടെയും എല്ലാം പേഴ്സനാലിറ്റി “ജീറോ” ലെവെല്‍ ആയി. പക്ഷേ അമ്മാമയുടെ “വാ കത്തി” മാത്രം ഇപ്പോഴും ആക്ടീവ്. അതെന്നും ഫുള്‍മൂണ്‍ ആണ്.ഇത്രയും നേരം കാരണവരുടെ കത്തി തനിയെ കേട്ടിരിക്കേണ്ടി വന്ന എന്റെ പ്രിയതമന്റെ മുഖത്തേക്കു ഇപ്പോഴാണ് ഞാനൊന്ന് നോക്കിയത്. നവരസങ്ങള്‍ ഒരുമിച്ചഭിനയിച്ചമാതിരിയുള്ള എന്റെ പതിയുടെ മുഖം കണ്ട് ഞാന്‍ അറിയാതെ പറഞ്ഞുപോയ്.. “ഇതെന്തു പേഴ്സനാലിറ്റി ...?..” എന്ന്. അങ്ങിനെ എന്റെ പ്രശ്നം അറിയിക്കാന്‍ ഒരു തുടക്കമിടുന്നതിനു വേണ്ടിയാ ഞാന്‍ ആ വാക്കു തന്നെ ഉപയോഗിച്ചത്. അമ്മാമ പുറത്തിറങ്ങി നില്‍ക്കുകയയിരുന്നു. കഷ്ടകാലത്തിന് ഈ ‘പേഴ്സനാലിറ്റി ‘ എന്ന വാക്കു കാരണവരുടെ ചെവി ചാടിക്കേറി പിടിച്ചു.

കുട്ടി ആരുടെ പേഴ്സനാലിറ്റിയെ പറ്റിയാ പറഞ്ഞേ..?
പുറത്തിരുന്ന് വാന നിരീക്ഷണം നടത്തിയിരുന്ന അമ്മാമ , ഒരു സംബ്ജക്ട് കിട്ടിയതിന്റെ സന്തോഷത്തില്‍ എന്റെ അടുത്ത് വന്നിരുന്നു.പിന്നീട് ഒരു രണ്ടു മണിക്കൂര്‍ ലക്ചര്‍ പേഴ്സനാലിറ്റിയെപറ്റി. പുറമെ കാണുന്ന “ഭംഗി” അല്ലാ പേഴ്സനാലിറ്റി. മറിച്ച് മറ്റുള്ളവരോടുള്ള നല്ല പെരുമാറ്റമാണ് പേഴ്സനാലിറ്റിയുടെ പ്രധാന ഘടകം. അങ്ങിനെ നീണ്ട ഒരു പേഴ്സനാലിറ്റി കഥ കേട്ട് ഞാന്‍ ഒരു പരുവമായി. കാറ്റിന്റെ ദിശമാറിയതിന്റെ സന്തോഷത്തിലായിരുന്നു പതിദേവന്‍. ക്ലോക്കിന്റെ സൂചി ഓട്ടം നിറുത്തുന്നില്ല. മണി രണ്ടു കഴിഞ്ഞു. പേഴ്സനാലിറ്റി കഥ തീരുന്ന ലക്ഷണം കാണുന്നില്ല. കോട്ടുവായിട്ടും കണ്ണു തിരുമ്പിയും ഞാന്‍ എനിക്കുറക്കം വരുന്ന വിവരം ഞാനറിയിച്ചു. ഒടുവില്‍ “കുട്ടീ... ന്നാ നമുക്കിനി.....” എന്ന് കേട്ടപ്പോള്‍ എനിക്കാശ്വാസമായി. കാരണം ഞാന്‍ ആ വാചകം “ കുട്ടീ... ന്നാ നമുക്കിനി ഉറങ്ങാം..” എന്നാകും എന്നു വിചാരിച്ചു. പക്ഷേ.. കാരണവര്‍ അത് കമ്പ്ലീറ്റ് ചെയ്തതിങ്ങനെ ആയിരുന്നൂ.
“കുട്ടീ... ന്നാ നമുക്കിനി ... ഓരോ ചായ കുടിച്ച് ബാക്കി സംസാരിക്കാം.....”

ഞാന്‍ ചായ ഉണ്ടാക്കി തിരിച്ചു വന്നപ്പോളേക്കും കാറ്റിന്റെ ദിശ വീണ്ടും മാറിയിരുന്നു. പകുതി ഉറക്കത്തിലായിരുന്ന പ്രിയതമന്‍ കഷ്ടത്തിലായി. ഏതായാലും ചായ കൊടുത്ത് ഞാന്‍ മിണ്ടാതെ പോയി കിടന്നു. ഏകദേശം നേരം വെളുക്കാറായപ്പോള്‍ കാരണവരുടെ പേഴ്സനാലിറ്റി ക്ലാസ്സില്‍ നിന്ന് രക്ഷപെട്ട് പ്രിയതമന്‍ അടുത്ത് വന്ന് കിടന്നു. ഉറക്കമൊഴിച്ച് പേഴ്സനാലിറ്റി മൊത്തം പോയ സങ്കടത്തിലായിരുന്നു ഞങ്ങള്‍ രണ്ടു പേരും. ജീവിതത്തിലിനി പേഴ്സനാലിറ്റിയെപറ്റി ചിന്തിക്കെല്ലിന്ന് സുമാത്ര തീരുമാനിച്ചു.

ഈശ്ശ്വരാ‍ാ‍ാ ഉച്ചയുറക്ക ഇന്‍സ്റ്റാള്‍മെന്റോ... തീര്‍ന്നില്ല... ഇനി ഈ പേഴ്സനാലിറ്റി ചര്‍ച്ചയിലും കൂടി ആയി നഷ്ടപ്പെട്ട ഉറക്കം എങ്ങിനെ തിരിച്ചു പിടിക്കും എന്നായി എന്റെ ചിന്ത.

5 Comments:

 • ഈശ്ശ്വരാ‍ാ‍ാ ഉച്ചയുറക്ക ഇന്‍സ്റ്റാള്‍മെന്റോ... തീര്‍ന്നില്ല... ഇനി ഈ പേഴ്സനാലിറ്റി ചര്‍ച്ചയിലും കൂടി ആയി നഷ്ടപ്പെട്ട ഉറക്കം എങ്ങിനെ തിരിച്ചു പിടിക്കും എന്നായി എന്റെ ചിന്ത.
  പുതിയ പോസ്റ്റ് പേഴ്സനാലിറ്റി ഡെവലപ് മെന്റ് ക്ലാസ്സ്.

  By Blogger സുമാത്ര, at 10:10 PM  

 • നന്നായിട്ടുണ്ട്. പണ്ട് സ്കൂളില്‍ പഠിക്കുന്ന സമയത്ത്, അമ്മാവന്‍ വരുത്താറുള്ള മനശ്ശാസ്ത്രം മാസിക വായിച്ച് പല പല മനോരോഗങ്ങളും ഉണ്ടെന്ന് ധരിച്ചതും ഓര്‍മ്മവന്നു.

  By Blogger അപ്പൊള്‍ ദമനകന്‍ ..., at 11:09 PM  

 • ചില പ്രയോഗങ്ങള്‍ നന്നായി രസിച്ചു.
  ഉദാ: പാത്രങ്ങള്‍ കരിങ്കൊടി കാണിച്ചത്, പേഴ്സണാലിറ്റി സീറോ ലെവല്‍ ആയത്...

  നന്നായിരിക്കുന്നു. അക്ഷരത്തെറ്റ് കുറക്കാന്‍ ശ്രമിച്ച് കൂടേ?

  By Blogger ദില്‍ബാസുരന്‍, at 11:36 PM  

 • ഹ ഹ. രസായി.

  By Blogger ശ്രീജിത്ത്‌ കെ, at 11:08 PM  

 • ഇതു കൊള്ളാം സുമാത്രെ.

  By Blogger മുല്ലപ്പൂ || Mullappoo, at 11:44 PM  

Post a Comment

Links to this post:

Create a Link

<< Home