സുനാമി ചിന്തകള്‍

Monday, August 28, 2006

പേഴ്സനാലിറ്റി ഡെവലപ് മെന്റ് ക്ലാസ്സ്

പ്രിയതമനും ആയി ഈ.. "സ്വസ്ഥം ഗ്രിഹഭരണം" എന്ന പോളിസി മുറുകെ പിടിച്ച് വാണിരുന്ന കാലം. ഇതിനിടയിലെങ്ങോ സുമാത്രക്ക് ഒരു ബോധോദയം !! പിന്നെ ചെറിയ ഒരു സംശയവും!!!പേഴ്സനാലിറ്റി അല്പം കുറവാണോ... എന്ന്. പൊതുവെ പേഴ്സനാലിറ്റി ആവശ്യത്തില്‍ കൂടുതല്‍ ഉണ്ടെന്നു വിശ്വസിക്കുന്ന സുമാത്രക്ക് ഇതൊരു “ചില്ലറ” സംശയം ആയി കണക്കാക്കാന്‍ അല്പം ബുദ്ധിമുട്ട് തോന്നി എന്ന് കൂട്ടിക്കോളൂ.. പലതവണ പ്രശ്നം ബോര്‍ഡു മീറ്റിങ്ങില്‍ (ഭര്‍ത്താവുമായി സൂര്യനു താഴെ നടക്കുന്ന എന്തും ചര്‍ച്ച ചെയ്യുന്ന അവസരം.) അവതരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ സാ‍ധിച്ചില്ലാ.. അല്ലാ അതെങ്ങെനെ... ഈ സൂര്യനു താഴെ രസകരമായതും വിചിത്രമായതും ആയ എത്ര എത്ര സംഭവങ്ങ‍ളാണ് നടക്കുന്നത്. അതിനിടയില്‍ ഈ ഒരു പേഴ്സനാലിറ്റി പ്രശ്നം തീരെ അപ്രസക്തം. പാവം സുമാത്ര...

കുട്ടിക്കാലം തൊട്ടേ പല അദ്ധ്യാപകരില്‍ നിന്നും ആയി കേട്ടിട്ടുള്ളതോ.. ഇങ്ങിനെ, “ കുട്ടികളേ.. സംശയം ഒരിക്കലും ഊതി വീര്‍പ്പിക്കരുത്. എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടനടി ഡിസ്കഷന്‍ നടത്തി സംശയ നിവാരണം നടത്തണം.. അല്ലീങ്കിലത് മഹാ വിപത്തുണ്ടാക്കും ...” എന്നൊക്കെ... അന്ന് ഈ സംശയം എന്താ ബലൂണ്‍ ആണോ ഊതി വീര്‍പ്പിക്കാന്‍ എന്നൊക്കെ തോന്നിയിട്ടുണ്ടീങ്കിലും ഈ മുകളില്‍ പറഞ്ഞ സംശയം (പേഴ്സനാലിറ്റിയേ... ) വന്നപ്പോള്‍ സുമാത്രക്കുറപ്പായി, അതെ! ഇതൊരു ബലൂണ്‍ തന്നെ.! കാരണം ദിവസം പ്രതി സുമാത്രയുടെ സംശയം കൂടിക്കൂടി വന്നു. പിന്നെ ചില ബാഹ്യശക്തികളുടെ(ചില ടി.വി. പരിപാടികള്‍, ചില പുസ്തകം വായിച്ച്.. ) “ഊതിവീര്‍പ്പിക്കല്‍” സഹായത്താല്‍ അതൊരു വലിയ ബലൂണ്‍ തന്നെ ആയി.

ഇനി അടുത്ത ഘട്ടം തന്നെ ശരണം എന്നു ഞാന്‍ തീരുമാനിച്ചു. അതായത് നേരത്തെ പറഞ്ഞ ഡിസ്കഷന്‍ നടത്തിയുള്ള നിവാരണം നടത്തല്‍. അതിനായി ഡിസ്കഷന്‍ നടത്താനയി ബോര്‍ഡ് മെംബറെ ഫ്രീ ആയി കിട്ടാനുള്ള അവസരം കാത്തിരിക്കുന്നതിനിടെ ചെറിയൊരു സംഭവം നടന്നു.

തിരക്കൊഴിഞ്ഞ ഒരു വെള്ളിയാഴ്ചയിലെ ഉച്ച സമയം. പേഴ്സനാലിറ്റി പ്രശ്നം അവതരിപ്പിക്കാന്‍ പറ്റിയ അവസരം എന്നെനിക്കു തോന്നി. അങ്ങിനെ മദ്ദ്യാന്നം കഴിഞ്ഞ് അല്പം വിശ്രമിക്കാന്‍ ഒരുങ്ങവെയാണ് “മെഹ് റ് ബാ... മെഹ് റ് ബാ...” എന്ന പാട്ട് കേട്ട് ഞാന്‍ അല്പം മടിയോടെയാണെങ്കിലും എണീറ്റത്. വലം ഭാഗത്തിന്റെ (ഹേ!!...യ്... ഭര്‍ത്താവിന്റേയ്..) മൊബയില്‍ ഫോണ്‍ ആയിരുന്നു ആ പാട്ട് പാടിയ വീരന്‍. “ഒകെ.. കമി...ങ്ങ്” എന്നും പറഞ്ഞ് ഞാന്‍ എണീറ്റ ഉടന്‍ പാട്ടു നിന്നു. “ശ്ശ് ടാ പാ‍ടെ.. വേണ്ടീങ്കില്‍ വേണ്ടാ ..” എന്നും പറഞ്ഞ് ഞാന്‍ തിരിച്ചു വന്നു കിടന്നു. ദേ.. വീണ്ടും “മെഹ് റ് ബാ... മെഹ് റ് ബാ...” . ഒന്നുമറിയാത്ത പോലെ ഞാന്‍ പ്രിയതമനെ ഒന്നു നോക്കി ചിരിച്ച് , “പ്ലീസ്.. ഒന്ന് ആ ഫോണ്‍...” എന്നു പറഞ്ഞു തീരും മുന്‍പേ “മെഹ് റ് ബാ” നിശ്ശബ്ദയായി. “ഹാ‍വൂ..” എന്ന മട്ടില്‍ ഞാനും തിരിഞ്ഞു കിടന്നു. മൂന്നാമതും പാട്ടു കേട്ടപ്പോള്‍ ഇനി ഈ വീരനെ നാലു “തെറി” പറഞ്ഞിട്ടു തന്നെ കാര്യം എന്നുറപ്പിച്ച് ഞാന്‍ വീണ്ടും എണീറ്റ് ഫോണ്‍ എടുത്തു. അല്ലീങ്കിലേ തലയില്‍ പേഴ്സനാലിറ്റി പ്രശ്നം ആണ്. അതിനിടയിലാ.. “മെഹ് റ് ബാ... മെഹ് റ് ബാ...”.“***!!@@### ****“

ഞാന്‍ ഫോണ്‍ മെനു നോക്കി മിസ്സ് കാള്‍ ലിസ്റ്റ് എടുത്തു. ലിസ്റ്റില്‍ ആദ്യം കണ്ടത് ഇങ്ങിനെ, “മിസ്സ് കാള്‍ മാമാ” ഹ!! അ ഹ!! , വെറുതെ ആണോ പാട്ട് “പുതുക്കപ്പെണേ മെഹ് റ് ബാ” എന്നു പോലും മുഴുമിപ്പിക്കാതെ നിശ്ശബ്ദമാകുന്നത്. കാരണം പേരില്‍ നിന്നു തന്നെ മനസ്സിലായിക്കാണുമല്ലോ.ഈ മാമന്‍ മിസ്സ് കാള്‍ മാത്രമേ തരാറുള്ളൂ. തിരിച്ചു വിളിച്ച് “തെറി” പറയാം എന്നോര്‍ത്ത് വന്ന എന്റെ മുഖം ഒരു മതിരി ഇഞ്ചി കടിച്ച കുരങ്ങിന്റേതു പോലെയായി. ( ഉള്ള പേഴ്സനാലിറ്റിയും പോയീ.. എന്നു പറഞ്ഞാല്‍ മതിയല്ലോ....) . കാര്യം അറിയിച്ച ഉടനെ ഭര്‍ത്താവില്‍ നിന്നും കിട്ടിയ മറുപടി ഇങ്ങിനെ, “നീ കാര്യം എന്താ എന്ന് തിരക്ക്... ?” . അതാ‍രാഞ്ഞില്ലെങ്കില്‍ അങ്ങോട്ടു കൊടുക്കാന്‍ വച്ചത് ( “തെറി” ) ഇങ്ങോട്ടു അഡ്വാന്‍സ് ആയി കിട്ടും എന്നുറപ്പായ ഞാന്‍ ഫോണ്‍ എടുത്ത് തിരിച്ചു വിളിച്ചു. കാര്യമന്വേഷിച്ച ഞാന്‍ മോങ്ങാനിരിക്കുന്നവന്റെ തലയില്‍ തേങ്ങാ വീണ പോലെയായി. മറു ഭാഗത്തുനിന്ന് കേട്ടതിങ്ങിനെ.. “ഞാന്‍ ഷാര്‍ജാ ടാക്സി സ്റ്റാന്‍ഡില്‍ നില്‍ക്കുന്നു. ഉടനെ വന്നു പിക്ക് ചെയ്യുക, ഇന്നത്തെ വാസം നിങ്ങളുടെ കൂടെ ..” . പെണ്ണു പറ്റീ പക്ഷേ പെങ്ങളായിപ്പോയീ എന്നു പറഞ്ഞ പോലെ കാര്യം നന്നായി പക്ഷേ കാരണവരായിപ്പോയില്ലേ.. അതുകൊണ്ട് തിരുവായക്ക് എതിര്‍വായാടാതെ.. ഞങ്ങള്‍ വണ്ടി നേരെ ഷാര്‍ജാ ടാക്സി സ്റ്റാന്‍ഡിലേക്ക് വിട്ടു.

കാറില്‍ ഇരുന്ന് പേഴ്സനാലിറ്റിയെപ്പറ്റി ഒരു ഇന്റ്രൊഡക്ഷ്ന്‍ കൊടുക്കാം എന്നോര്‍ത്ത് വായ തുറക്കുന്നതിനു മുമ്പ് വലം ഭാഗം ആരാഞ്ഞു ,“രാത്രി അത്താഴം.....?”“എനിക്കറിയില്ലാ.. പുറത്തു നിന്നാവാം..”. അങ്ങോട്ടു ചോദിക്കാന്‍ കഴിയാത്തതിലുള്ള ദേഷ്യം കലര്‍ത്തിയുള്ള മറുപടി ഞാനും കൊടുത്തു.“വേണ്ട.. മാവുണ്ടല്ലോ... ദോശ ഉണ്ടാക്കാം..”പ്രതിവിധി കേട്ട് കലികൊണ്ട് ഞാ‍ന്‍ തനിയെ പറഞ്ഞു.“ആശ മുഴുവന്‍ നാശകോശമായി കിടക്കുമ്പോളാണൊരു ദോശ.” കാശിനു കൊള്ളാത്ത ദോശ കണ്ടുപിടിച്ചവനെ നാലു പൂശു പൂശാന്‍ ആശയായി . “ഹും!! മോശമായി!!ഇങ്ങനെ ഭക്ഷണകാര്യവും മറ്റും പറഞ്ഞ് തീര്‍ന്നപ്പോളേക്കും വണ്ടി ഷാര്‍ജാ ടാക്സി സ്റ്റാന്‍ഡില്‍ എത്തി.

ഹാവൂ.. ഇതാ മുമ്പില്‍ തന്നെ നില്‍പ്പുണ്ട് നമ്മുടെ ആശാന്‍. എന്റെമ്മേ.. കയ്യില്‍ വലിയൊരു ബാഗുണ്ട്.കണ്ടാല്‍ ഒരു മാസത്തേക്കു തിരിച്ചൊരു യാത്രയില്ലെന്നു തോന്നും. ഇതൊരു ശീലമാണെന്നറിയാമായിരുന്നതുകൊണ്ട് ഞാന്‍ ഞെട്ടിയില്ല. അല്ലെങ്കില്‍ തേങ്ങാ വീണവന്റെ മേല്‍ ഇടിവെട്ടേറ്റ പോലെ ആയേനെ ഞാന്‍. കാരണവര്‍ തലയില്‍ മുടിയില്ലാത്തതിന്റെ വിഷമം ശരിക്കും അനുഭവിക്കുന്നുണ്ടെന്ന് ആ മുഖം വിളിച്ചറിയിക്കുന്നുണ്ട്. “ആണുങ്ങള്‍ക്ക് കഷണ്ടി വേണം .. അതോ കണ്ണാടി പോല്‍ മിന്നണം” എന്നൊക്കെ പറഞ്ഞ് സ്വയം സമാധാനിക്കാറുണ്ട്. ഏതായാലും നഷ്ടപ്പെട്ട ഉച്ചയുറക്കം ഇന്‍സ്റ്റാള്‍മെന്റായി തീര്‍ക്കാം എന്നോര്‍ത്ത് ഞാന്‍ പതുക്കെ കാറില്‍ ചാരികിടന്ന് പ്രിയതമനെ കാരണവരുടെ അടുത്തേക്ക് പറഞ്ഞയച്ചു. രണ്ടു മണിക്കൂര്‍ ഉച്ച ഉറക്കത്തിലെ പത്ത് മിനിട്ട് ഉറങ്ങി തീര്‍ത്തതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍. അപ്പോഴേക്കും തിരിച്ച് അവര്‍ കാറിനടുത്തെത്തി.

“ഹാ.. എന്തൊക്ക്ണ്ട് വിശേഷം? കുട്ടിക്കസുഖം വല്ലതും..?”
മുഖം വ്വീര്‍പ്പിച്ചിരിക്കുന്ന എന്നെ കണ്ട ഉടന്‍ കാരാണവര്‍ തിരക്കി.എന്തൊക്കെയോ തര്‍ക്കുത്തരങ്ങള്‍ എന്റെ നാവിന്റെ തുമ്പത്തെത്തി.പുറത്തേക്കു ചാ‍ടുന്നതിനുമുമ്പ് അവയെല്ലാം ഞാന്‍ ഒരുവിധം വിഴുങ്ങി , പകരം ഒരു ഭംഗിവാക്കിനെ പിടിച്ചു പുറത്തിട്ടു.
“ഓ.. കാറ്റു കൊണ്ടിട്ടാ..”
സാമാന്യം നല്ല പൊടിക്കാറ്റ് വീശിയിരുന്നത് എനിക്കൊരുത്തരം നല്‍കാന്‍ സഹായകമായി.ഞാന്‍ ഉറക്കത്തിന്റെ രണ്ടാം ഇന്‍സ്റ്റാള്‍മെന്റാരംഭിച്ചു.

കാ‍രണവരുടെ തലയില്‍ മുടിക്കു മാത്രമേ ദാരിദ്ര്യ, ഉണ്ടായിരുന്നുള്ളൂ. ആശയ ദാരിദ്ര്യ, തീരെ ഇല്ല. ഫിലോസഫി, സൈക്കോളജി, ജ്യോതിഷം എന്നിവയിലെല്ലാം പ്രാവീണ്യം ആവശ്യത്തില്‍ കൂടുതലുണ്ടെന്നറിയാമായിരുന്നതു കൊണ്ട് ഇതുമായി ബന്ധപ്പെട്ട് വരുന്ന ഒരു ടോപ്പിക്കും അറിയാതെപോലും നാക്കില്‍ നിന്ന് ചാടാതിരിക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ദിച്ചിരുന്നു. പ്രിയതമന്‍ കാരണവരുടെ ‘വാ കത്തി’ യുടെ മൂര്‍ച്ച അനുഭവിച്ച് , മധുരിച്ചിട്ട് തുപ്പാനും വയ്യ - കയ്ച്ചിട്ടിറക്കാനും വയ്യ എന്ന അവസ്ഥയില്‍ ഇരിക്കുന്നത് കണ്ട് എനിക്കു ചിരി വന്നു. എവിടെ കിടന്നാലും ഉറക്കം വരുന്ന എന്റെ സ്വഭാവം ഇപ്പൊ ഒരനുഗ്രഹമായി തോന്നിയെനിക്ക്.

പിന്നീട് ചായ, ദോശ, ചോറ്, കൂട്ടാന്‍ എന്നെല്ലാം പറഞ്ഞ് ആകെ ഒരു ബഹളം. സാധാരണ വെള്ളിയാഴ്ച് ഉച്ചക്കു ശേഷം വിശ്രമിച്ചിരുന്ന അടുക്കളയും ഊണ്‍ മേശയുമെല്ലാം രാത്രി പതിനൊന്ന് മണിവരെ തിരക്കനുഭവിച്ചു. കൂടെ ക്കൂടേ ഉള്ള ചായവെപ്പ് കാരണം പാത്രങ്ങളെല്ലാം കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാന്‍ തുടങ്ങി. അങ്ങിനെ അത്താഴം കഴിഞ്ഞപ്പോഴേക്കും കിച്ചന്റേയും ഡൈനിങ്ങ് സ് പേയ്സിന്റേയും പാത്രങ്ങളുടെയും എല്ലാം പേഴ്സനാലിറ്റി “ജീറോ” ലെവെല്‍ ആയി. പക്ഷേ അമ്മാമയുടെ “വാ കത്തി” മാത്രം ഇപ്പോഴും ആക്ടീവ്. അതെന്നും ഫുള്‍മൂണ്‍ ആണ്.ഇത്രയും നേരം കാരണവരുടെ കത്തി തനിയെ കേട്ടിരിക്കേണ്ടി വന്ന എന്റെ പ്രിയതമന്റെ മുഖത്തേക്കു ഇപ്പോഴാണ് ഞാനൊന്ന് നോക്കിയത്. നവരസങ്ങള്‍ ഒരുമിച്ചഭിനയിച്ചമാതിരിയുള്ള എന്റെ പതിയുടെ മുഖം കണ്ട് ഞാന്‍ അറിയാതെ പറഞ്ഞുപോയ്.. “ഇതെന്തു പേഴ്സനാലിറ്റി ...?..” എന്ന്. അങ്ങിനെ എന്റെ പ്രശ്നം അറിയിക്കാന്‍ ഒരു തുടക്കമിടുന്നതിനു വേണ്ടിയാ ഞാന്‍ ആ വാക്കു തന്നെ ഉപയോഗിച്ചത്. അമ്മാമ പുറത്തിറങ്ങി നില്‍ക്കുകയയിരുന്നു. കഷ്ടകാലത്തിന് ഈ ‘പേഴ്സനാലിറ്റി ‘ എന്ന വാക്കു കാരണവരുടെ ചെവി ചാടിക്കേറി പിടിച്ചു.

കുട്ടി ആരുടെ പേഴ്സനാലിറ്റിയെ പറ്റിയാ പറഞ്ഞേ..?
പുറത്തിരുന്ന് വാന നിരീക്ഷണം നടത്തിയിരുന്ന അമ്മാമ , ഒരു സംബ്ജക്ട് കിട്ടിയതിന്റെ സന്തോഷത്തില്‍ എന്റെ അടുത്ത് വന്നിരുന്നു.പിന്നീട് ഒരു രണ്ടു മണിക്കൂര്‍ ലക്ചര്‍ പേഴ്സനാലിറ്റിയെപറ്റി. പുറമെ കാണുന്ന “ഭംഗി” അല്ലാ പേഴ്സനാലിറ്റി. മറിച്ച് മറ്റുള്ളവരോടുള്ള നല്ല പെരുമാറ്റമാണ് പേഴ്സനാലിറ്റിയുടെ പ്രധാന ഘടകം. അങ്ങിനെ നീണ്ട ഒരു പേഴ്സനാലിറ്റി കഥ കേട്ട് ഞാന്‍ ഒരു പരുവമായി. കാറ്റിന്റെ ദിശമാറിയതിന്റെ സന്തോഷത്തിലായിരുന്നു പതിദേവന്‍. ക്ലോക്കിന്റെ സൂചി ഓട്ടം നിറുത്തുന്നില്ല. മണി രണ്ടു കഴിഞ്ഞു. പേഴ്സനാലിറ്റി കഥ തീരുന്ന ലക്ഷണം കാണുന്നില്ല. കോട്ടുവായിട്ടും കണ്ണു തിരുമ്പിയും ഞാന്‍ എനിക്കുറക്കം വരുന്ന വിവരം ഞാനറിയിച്ചു. ഒടുവില്‍ “കുട്ടീ... ന്നാ നമുക്കിനി.....” എന്ന് കേട്ടപ്പോള്‍ എനിക്കാശ്വാസമായി. കാരണം ഞാന്‍ ആ വാചകം “ കുട്ടീ... ന്നാ നമുക്കിനി ഉറങ്ങാം..” എന്നാകും എന്നു വിചാരിച്ചു. പക്ഷേ.. കാരണവര്‍ അത് കമ്പ്ലീറ്റ് ചെയ്തതിങ്ങനെ ആയിരുന്നൂ.
“കുട്ടീ... ന്നാ നമുക്കിനി ... ഓരോ ചായ കുടിച്ച് ബാക്കി സംസാരിക്കാം.....”

ഞാന്‍ ചായ ഉണ്ടാക്കി തിരിച്ചു വന്നപ്പോളേക്കും കാറ്റിന്റെ ദിശ വീണ്ടും മാറിയിരുന്നു. പകുതി ഉറക്കത്തിലായിരുന്ന പ്രിയതമന്‍ കഷ്ടത്തിലായി. ഏതായാലും ചായ കൊടുത്ത് ഞാന്‍ മിണ്ടാതെ പോയി കിടന്നു. ഏകദേശം നേരം വെളുക്കാറായപ്പോള്‍ കാരണവരുടെ പേഴ്സനാലിറ്റി ക്ലാസ്സില്‍ നിന്ന് രക്ഷപെട്ട് പ്രിയതമന്‍ അടുത്ത് വന്ന് കിടന്നു. ഉറക്കമൊഴിച്ച് പേഴ്സനാലിറ്റി മൊത്തം പോയ സങ്കടത്തിലായിരുന്നു ഞങ്ങള്‍ രണ്ടു പേരും. ജീവിതത്തിലിനി പേഴ്സനാലിറ്റിയെപറ്റി ചിന്തിക്കെല്ലിന്ന് സുമാത്ര തീരുമാനിച്ചു.

ഈശ്ശ്വരാ‍ാ‍ാ ഉച്ചയുറക്ക ഇന്‍സ്റ്റാള്‍മെന്റോ... തീര്‍ന്നില്ല... ഇനി ഈ പേഴ്സനാലിറ്റി ചര്‍ച്ചയിലും കൂടി ആയി നഷ്ടപ്പെട്ട ഉറക്കം എങ്ങിനെ തിരിച്ചു പിടിക്കും എന്നായി എന്റെ ചിന്ത.

Saturday, August 12, 2006

പി.എഫ്.ടി.ഡി (ക്വാലിഫികേഷന്‍)

കുട്ടികാലത്ത് പല ആളുകളും മറ്റുള്ളവരെ വിലയിരുത്തുന്നത് ഞാന്‍ പലപ്പോഴായി ശ്രദ്ദിച്ചിരുന്നു. അതില്‍ മിയ്കതും സ്വത്തുസമ്പത്തുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ഞാന്‍ മനസ്സിലാക്കിയിരുന്നു. കാരണം പലപ്പോഴായി പലരില്‍ നിന്നും ഞാന്‍ കേട്ടിരുന്നു.. “ആ അവരൊക്കെ ഭയങ്കര പൈസക്കാരാ.. , അയ്യോ... അവര്‍ പാവങ്ങളാണ്. അവര്‍ക്ക് തീരെ പൈസയില്ലാ...”എന്നീ വാചകങ്ങളും കൂടെ അതിന്റെ മേല്‍ മറ്റു വിലയിരുത്തലുകളും. ഓഹോ.. ഈ പൈസ അത്രക്ക് ഗമ ഉള്ള ആളാണോ..? ഇങ്ങേരെന്താ ചിലരുടെ വീട്ടില്‍ മാത്രം താമസിക്കുന്നത് , മറ്റു ചിലരെ കണ്ടെന്നുപോലും നടിക്കാത്തത് ? എന്നെല്ലാമായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്. എന്തായാലും എനിക്കൊന്നുമില്ലാ... എനിക്കെന്റെ അച്ഛനും അമ്മയും ഒക്കെ മതി.

പിന്നീട് ആളുകള്‍ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവരെ വിലയിരുത്തുന്നത് ഞാന്‍ ശ്രദ്ദിച്ചു. “ആ കുട്ടി നല്ല കുട്ടിയാ... കാരണമെന്താ.. നല്ല വിദ്യാഭ്യാസമുണ്ട് , ആ കുട്ടികളോടൊന്നും അധികം കൂട്ട് കൂടണ്ട , തീരെ വിദ്യാഭ്യാസമില്ലാത്ത വര്‍ഗ്ഗങ്ങളാണ്” അങ്ങിനെ പലതും. ഓഹോ.. എങ്കില്‍ എനിക്കും അല്പം അതാവാം , ഊം എന്തേ.. ഹെയ് വിദ്യാഭ്യാസമേ!!

അടുത്തതായി കേട്ടതോ.. “ക്വാലിഫികേഷന്‍” . ഈ സാധനം എന്താണെന്നുപോലും അന്നറിയില്ലാ. എന്തായാലും സമൂഹത്തില്‍ മൂല്യം ഉള്ള മറ്റൊരു സാധനം. അയാള്‍ക്ക് ഒന്നുമില്ലെങ്കിലെന്താ നല്ല “ക്വാലിഫികേഷന്‍” ഉണ്ടല്ലോ.. എന്നൊക്കെ കേട്ടിട്ടുണ്ട്. എന്തായാലും അച്ഛനോട് ചോദിച്ചു നോക്കാം എന്നു തീരുമാനിച്ചു.

അച്ഛാ.. എന്താ ഈ “ക്വാലിഫികേഷന്‍” ന്ന്ച്ചാല്‍?

അതോ.. ഈ പേരിന്റെ കൂടെ ഉള്ള വാലില്ലേ.. അതന്ന്യാ.. “ക്വാലിഫികേഷന്‍” . ലളിതമായ രീതിയില്‍ അച്ഛന്‍ മറുപടി തന്നു. സംശയം ഒന്നുകൂടി കൂടി.

പേരിന്റെ കൂടെ ഉള്ള വാലോ...?

എന്ന്ച്ചാല്‍ നീ കേട്ടിട്ടില്ലേ.. മത്തായീ.. എം.ബി.ബി.എസ്, പോത്തന്‍.. എല്‍.എല്‍.ബി. എന്നൊക്കേ..,

എന്ന്ച്ചാല്‍? വീണ്ടും ഞാനച്ഛനെ ബുദ്ദിമുട്ടിപ്പിച്ചു.

മോളേ.. എം.ബി.ബി.എസ് എന്ന്ച്ചാല്‍ ഡോക്ടര്‍, എല്‍.എല്‍.ബി. എന്ന്ച്ചാല്‍ അഡ്വക്കേയ്റ്റ് .

അങ്ങിനെ പല ഉദാഹരണങ്ങള്‍ സഹിതവും ചില ചെറിയ വിശദീകരണങ്ങള്‍ സഹിതവും അച്ഛനെന്നെ ഈ “ക്വാലിഫികേഷന്‍” എന്താണെന്നു മനസ്സിലാക്കിപ്പിക്കാന്‍ ശ്രമിച്ചു. കുറെ ഒക്കെ മനസ്സിലായപ്പോള്‍ എന്റെ സംശയം മറ്റൊന്നായി.

അങ്ങിനെ ആണെങ്കില്‍ എന്താ അച്ഛന്റെ ക്വാലിഫികേഷന്‍ ? അച്ഛനെ ഞാന്‍ വെറുതെ വിട്ടില്ല.

ഉടനെ എനിക്ക് മറുപടിയും കിട്ടി.

“പി.എഫ്.ടി.ഡി.” എന്ന്ച്ചാല്‍? പ്രൌഡ് ഫാദര്‍ ഓഫ് ത്രീ ഡോട്ടേര്‍സ്. മറ്റൊരു ചോദ്യം വരുന്നതിനു മുമ്പ് വിശദീകരണവും അച്ഛന്‍ തന്നു. വലിയ പിടിത്തം ഒന്നും കിട്ടിയില്ലെങ്കിലും ബാക്കി അമ്മയോട് ചോദിക്കുന്നതാണ് ബുദ്ദി എന്നെനിക്കു തോന്നി.

അങ്ങിനെ ഞാന്‍ അമ്മയോട് ചോദിച്ചു,

അമ്മേ.. “ഈ പ്രൌഡ് ഫാദര്‍ ഓഫ് ത്രീ ഡോട്ടേര്‍സ്” എന്ന്ച്ചാല്‍ എന്താ..?

അന്തം വിട്ട് എന്നെ നോക്കിനിന്ന അമ്മയോട് ഞാന്‍ സാഹചര്യവും വിശദീകരിച്ചു.

ഓ.. അതാണോ.. മോളേ.. നിങ്ങള്‍ മൂന്നു പേരുടെയും അച്ഛനാണെന്നതില്‍ അച്ഛനുള്ള അഭിമാനം ആണ് അച്ഛന്റെ ക്വാലിഫികേഷന്‍. ഓ.. മോള്‍ക്ക് സന്തോഷായീ..

ഇന്ന് ബി.കൊം (ഭാഗ്യം കൊമ്പത്ത് ), എം.ബി.ബി.എസ് (മാര്‍ച്ചില്‍ ഭാഗ്യം വന്നില്ലെങ്കില്‍ ഭാഗ്യം സെപ്റ്റംബറിള്‍ വരും) , എല്‍.എല്‍.ബി (ലക്കും ലഗാനുമില്ലാത്ത ബ്രെയിന്‍) എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കാറുണ്ട് , “മറ്റൊരു ക്വാലിഫികേഷനിലും ഇല്ലാത്ത “സ് നേഹം” എന്റെ അച്ഛന്റെ ക്വാലിഫികേഷനില്‍ ഉണ്ട്” എന്ന്.

ശരിയാണ് ആ അച്ഛന്റെ മകളാ‍യി ജനിച്ചതില്‍ എനിക്കും അഭിമാനം ഉണ്ട്.

Monday, August 07, 2006

പുട്ടു പോയി ലോട്ടറി വന്നു.

പുട്ടടിക്കാനായി പതിവിന്‍ പടിഞ്ഞാറെ
തട്ടുകടയില്‍ പ്പോയി ഞാനുമെന്‍ കെട്ടിയവനും
പുത്തനാം തട്ടുകട കണ്ടൊരു മാത്രയില്‍
ഞെട്ടിപ്പോയി പിന്നെ പൊട്ടിക്കരഞ്ഞു പോയ്
പൊട്ടിപ്പൊളിഞ്ഞൊരു പുട്ടുപെട്ടിതന്‍ സ്ഥാനത്തിന്നോ
പുതു പുത്തനാം ഷോക്കെയ്സുകള്‍ വെട്ടിത്തിളങ്ങീടുന്നു
പുട്ടേ.. കടലയേ.. ചട്ണിയേ.. എന്ന പാട്ടിലിപ്പവിടെ
പകരമോ നാളേ.. നാളേ.. ഭാഗ്യം നാളേ.. നാളേയെന്നല്ലോ
പുട്ടിന്റെ സ്ഥാനത്തോ പൊന്‍ തട്ടുകളായിപ്പോയീ
പൊന്‍ തട്ടിലോ പുത്തന്‍ ലോട്ടറിക്കുട്ടന്മാരും
പുട്ടും കടലയും പിന്നെ ചിരിക്കുമാ ചട്ണിയും
പെട്ടെന്നിതെങ്ങു പോയെന്റെ പട്ടരു ചേട്ടാ
കെട്ടിയവനാരാഞ്ഞിതാ പട്ടരു ചേട്ടനോടായീ
പുട്ടിന്നടിക്കാനാവില്ലെന്നറിഞ്ഞോരു തത്രപ്പാടില്‍
കുട്ടികളേ.. കാലം മാറിയതറിഞ്ഞില്ലേ...
പുട്ടിന്നാര്‍ക്കു വേണം പോട്ടെ, ലോട്ടറിയൊന്നെടുക്കട്ടെ
പെട്ടല്ലോ ഞങ്ങളാ‍ പട്ടരു ലോട്ടറിക്കടയില്‍
കഷ്ടകാലമല്ലാതെന്തു ചൊല്ലീടും ഞാന്‍

( ഇതു നടന്നൊരു സംഭവമാണേ.. , പിന്നീടെന്താ.. പട്ടരു ചേട്ടനെ പിണക്കണ്ട എന്നു കരുതി ലോട്ടറിയും വാങ്ങി തട്ടുകടയിലെ പുട്ടിനെ ഓര്‍ത്ത് നാക്കില്‍ വെള്ളമൂറി ഞങ്ങള്‍ തിരികെ വീട്ടിലേക്കു നടന്നു, നാളത്തെ ഭാഗ്യവും സ്വപ്നവും കണ്ട്. )

Sunday, August 06, 2006

വേര്‍പാടിന്റെ നാലു വര്‍ഷങ്ങള്‍

നീ ആശംസിച്ച ദിനങ്ങളെല്ലാം ശുഭദിനങ്ങള്‍ ആയിരുന്നു.
നീ കൂടെ ഉണ്ടായിരുന്ന രാവെല്ലാം ആനന്ദഭരിതമായിരുന്നു.
നീ പറഞ്ഞ കഥകളെല്ലാം മനോഹരമായിരുന്നു.
നിന്നെ ഞാനുമീലോകവും ഒരുപാടു സ് നേഹിച്ചു.

നിന്റെ മൊഴികളെല്ലാം അമ്രുതം നിറഞ്ഞവയായിരുന്നു.
നിന്നശ്രുകള്‍ പാപികള്‍ക്കാശ്രയമായിരുന്നു.
നിന്‍ തണലില്‍ വിശ്രമിച്ചവറേറയായിരുന്നു.
നിന്നെ അവരും ഒരുപാടു സ് നേഹിച്ചു.

നിന്‍ പുന്‍ചിരിയില്‍ കളങ്കമില്ലായിരുന്നു.
നിന്‍ നറുവാക്കി‍ലെന്നും ഫലിതമുണ്ടായിരുന്നു.
നിന്‍ തേന്‍തലോടലില്‍ സ് നേഹമുണ്ടായിരുന്നു.
നീയുമീ ലോകത്തെ സ് നേഹിച്ചിരുന്നോ..?

പിന്നെ നീ എങ്ങു പോയെതില്ലാം മറന്ന്
ഇല്ല നീ ഇന്നുമുണ്ടിവിരിലെല്ലാം
കണ്ണടച്ചാലും തുറന്നാലും കാണാം
എനുക്കുമീഭൂമിക്കും നിന്‍ നറു പുന്‍ചിരി.

Saturday, July 29, 2006

Wednesday, July 26, 2006

മുഖവുര (ഇങനെയും ആകാം)

രാഷ്ടീയത്തിലോ സിനിമാ രംഗത്തിലോ മെംബ്ബര്‍ അല്ലാത്ത ഞാന്‍ സ്വയം പരിചയപ്പെടുത്താതെ എഴുതാന്‍ തുടങ്ങുന്നത് ബുദ്ധിക്കുതകുന്നതല്ല. അല്ലാ !!! ഈ പ്പറഞ്ഞവര്‍ക്ക് പ്രത്യേകമായി ക്ഷണനം ഒന്നും ഇല്ലാതെയോ ആവശ്യപ്പെടാതെയോ തന്നെ “എപ്പം”വേണമെങ്കിലും “എവിടം” വേണമെങ്കിലും കയറിച്ചെല്ല്ലാനും ഒരിക്കലും നടക്കാന്‍ പോകാത്തതോ അല്ലെങ്കില്‍ സ്വപ്നത്തില്‍പ്പോലും വിചാരിക്കാത്തതോ ആയ സുന്തരമായ “നടക്കാത്ത വാഗ്ദാനങ്ങള്‍”വിളിച്ചു പറയാനും (എന്തും പുലംബാന്‍ എന്നു പറയുന്നത് കൂടുതല്‍ ഉചിതമായിരിക്കും) യാതൊരു വിധ മടിയും കാണില്ല. ഏതായാലും ഞാന്‍ ഈ വിഭാഗത്തില്‍ പ്പെടാന്‍ ആഗ്രഹിക്കാത്തതുകൊണ്ട് തമ്മില്‍ പരിചയപ്പെട്ടതിനു ശേഷം ആകാം ബാക്കി.
സാധാരണ എല്ലാവരും പരിചയപ്പെടാന്‍ ഉപയോഗിക്കുന്ന ഒരു ‘ക് ണാപ്പ്’ ഉണ്ടല്ലോ.. (മറ്റൊന്നും അല്ലാ‍ സാക്ഷാല്‍ നാമധേയം അഥവാ പേരു തന്നെ.) അതില്‍ നിന്നു തന്നെ ഞാനും തുടങ്ങാം.
പേര് “സുമാത്ര”.
മിക്കവാറും എല്ലാവരും 2004 ഡിസംബര്‍ 24 മുതല്‍ ഈ പേരുമായി പരിചയപ്പെട്ടുകാണും. സത്യത്തില്‍ ഞാനും അന്നു തന്നെയാ ഈ പേരിനെ കൂടുതല്‍ ആയി പരിചയപ്പെട്ടത്.
ഇനി ഈ പേരു കേട്ട മാത്രയില്‍ തന്നെ പലരുടെയും മനസ്സിലേക്ക് ഓടി ക്കയറിയ (അല്ലെങ്കില്‍ **ചാടിക്കയറിയ **) ചിന്ത “സുനാമി” അല്ലാതെ മറ്റൊന്നും അല്ലാ എന്ന് ഈ സുമാത്രക്കറിയാം.
**** ചിന്തകള്‍ ചിലരുടെ മനസ്സില്‍ ഓടിയും വെറെ ചിലരുടേതില്‍ ചാടിയും ഇനി മറ്റു പലരിലും മറ്റു പല രീതികളിലും ആണല്ലോ.. എത്തുന്നത് . അത് ഒരു പക്ഷേ വ്യക്തിത്വവുമായി ബന്ധപ്പെട്ടായിരിക്കാം. ഉദാഹരണത്തിന് പി.ടി. ഉഷയാണെങ്കില്‍ ചിന്തകള്‍ ഓടിയും അഞ്ജു ബോബി ജോര്‍ജ്ജ് ആണെങ്കില്‍ ഒരു പക്ഷേ ചാടിയും ഒക്കെ ആയിരിക്കും ചിന്തകള്‍ എത്തുന്നത്. *****
ഇനി “സുമാത്ര” എന്ന പേര് കേട്ടിട്ട് സുനാമിത്തിരകളെപ്പോലെ ആഞ്ഞു വീശി അടിക്കുമെന്നോ .. തടസ്സമില്ലാതെ എപ്പോഴും ഒഴുകിക്കൊണ്ടേയിരിക്കുമെന്നോ ദയവു ചെയ്ത് ആരും കരുതരുത്. അതായത് സ്ഥിരമായി ബ്ലോഗില്‍ എന്റെ ലേഖനങ്ങള്‍ ആരും പ്രതീക്ഷിക്കരുത്. സുനമിയെ പ്പോലെ നമുക്ക് വല്ലപ്പോഴും കാ‍ണാം.
പിന്നെ!!! മധുരം മലയാളത്തില്‍” എനിക്ക് “ഗ്പ്പ്” കിട്ടാറില്ല. സാഹിത്യത്തിലും ഭാഷാ പ്രയോഗത്തിലും പ്രാവീണ്യം നേടാന്‍ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ “ഡയിം” കിട്ടിയില്ല.പിന്നെ കയ്യിലൊതുങ്ങുന്ന ഒരേ ഒരു “ബിദ്യ” ആണ് “മംഗ്ലീഷ്”. ക്ഷമ ചോദിക്കുന്നു!.
പണ്ട് എഴുതുന്ന ശീലവും അഥവാ എഴുതാനുള്ള ആഗ്രഹവും ഒരുപാട് ഉണ്ടായിരുന്നു. പക്ഷേ വായിക്കുന്നവര്‍ അതിനെ ദുശ്ശീലവും ദുരാഗ്രഹവും എന്നു മാറ്റി മുദ്ര കുത്തിയാലോ എന്ന് ഭയന്ന് ... ആ “എഴുത്തുകള്‍” ഒന്നും എന്റെ ഡയറിയുടെ പുറം ലോകം കണ്ടില്ല. ചിലരെങ്കിലും ക്ഷണിക്കപ്പെടാതെ അതില്‍ കയറി (ഡയറിയില്‍) നോക്കിയിട്ടുണ്ട്. “പരിതാപകരം”!!!! എന്നാല്‍ ഈ കേറിയവരുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും എന്നെ തേടി എത്തുന്നതിന് മുന്‍പു ഞാന്‍ എന്റെ ഡയറിയും പ്രിയതമനും ആയി “ഡൂഫായി” ലോട്ട് പറന്നു. ഇപ്പോള്‍ പ്രിയതമനും ആയി സ്വസ്ഥം ഗ്രിഹഭരണം.
ഏതായാലും വീണ്ടും ഒരു പരീക്ഷണത്തിന് പ്രചോദനം നല്‍കിയത് ഈ പറഞ്ഞ പ്രിയതമനും പിന്നെ ബ്ലോഗില്‍ ഇപ്പോള്‍ എഴുതാറുള്ളതും ആയ എന്റെ ഒരു “അനിയന്‍ കുട്ടിയും” ആണ്.
ഇതുവരെ അഭിപ്രായങ്ങളോ നിര്‍ദ്ധേശങ്ങളോ നേരിടാന്‍ അവസരം ലഭിക്കാത്ത എനിക്ക് ഈ ബ്ലോഗ് വായിക്കുന്ന സഹോദരീസഹോദരന്‍മാരില്‍ നിന്നും ( അങ്ങിനെ സംഭോദന ചെയ്ത്പ്പോള്‍ ആണല്ലോ സ്വാമി വിവേകാനന്ദന് സദസ്സിന്റെ കയ്യടി നേടാന്‍ കഴിഞത്.) ഉണ്ടാവുമെന്ന് ഈ സുമാത്ര പ്രതീക്ഷിച്ച് തല്‍ക്കാലം നിര്‍ത്തുന്നു.
ജയ് സുനാമി..